ചരിത്രം


സ്ഥലനാമ ചരിത്രം

ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അത്യാദ്ധ്വാനികളുടേയും നാടായിരുന്നു. വിളവെടുപ്പു കാലമാകുന്നതോടെ തെക്കന്‍ നാടുകളില്‍ നിന്ന് ഉഴവിനുള്ള മാടുകളെ കൂട്ടമായി തെളിച്ചുകൊണ്ടു വരുക പതിവായിരുന്നു. അവര്‍ ഇടത്താവളമാക്കിയിരുന്നത് പനവൃക്ഷങ്ങള്‍ ധാരാളമുണ്ടായിരുന്ന ക്ളാപ്പനയിലെ തെക്കന്‍ പ്രദേശമാണ്. വിശ്രമത്തിനായി കളിത്തട്ടും ദാഹശമനത്തിന് തണ്ണീര്‍ പന്തലും അവിടെയുണ്ടായിരുന്നു. ദാഹജലം നല്‍കുവാന്‍ ചുമതലപ്പെട്ട അന്നത്തെ കുടുംബമായ തണ്ണീര്‍ക്കരശ്ശേരില്‍ ഇന്നും അതേ പേരില്‍ അവിടെ അവശേഷിക്കുന്നു. വാണിഭക്കാര്‍ വിശ്രമ സമയത്ത് കാളകളെ കെട്ടിയിരുന്ന പനകളുടെ നാട് എന്ന അര്‍ത്ഥത്തില്‍ കാളപ്പന എന്ന് വ്യവഹരിച്ചു വന്നത് കാലം കടന്നു പോയതോടെ ക്ളാപ്പനയായി മാറി. കാതുകളില്‍ നിന്നു കാതുകളിലേക്ക് കൈമാറിയ ക്ളാപ്പനയുടെ നാമകഥകളില്‍ പലതും ഇനി ബാക്കി നില്‍ക്കുന്നു. അവയില്‍ വിശ്വാസമായ  ഒന്ന് നടുവാഴിത്ത ഭരണ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്. കരബലം കൊണ്ടും ധനബലം കൊണ്ടും നോക്കത്താദൂരം കയ്യടക്കിയിരുന്ന പ്രമാണിമാര്‍ കൂറ്റന്‍ കാളകളെ തങ്ങള്‍ ലക്ഷ്യമിട്ടിരുന്ന നാട്ടിന്‍ പുറങ്ങളില്‍ കൊണ്ട് ചെന്ന് കെട്ടിയിടുകയായിരുന്നു പതിവ്. കാളകളെ സ്വതന്ത്രമാക്കുവാന്‍ ചങ്കൂറ്റം കാണിക്കുന്നവരുമായി ഏറ്റുമുട്ടുകയും ജയിച്ചാല്‍ ആ പ്രദേശം കൂടി കയ്യടക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ഈ പ്രദേശങ്ങളിലെ വനങ്ങളില്‍ ഒന്നില്‍ അധികാര മോഹത്താല്‍ ബന്ധിക്കപ്പെട്ട കാളയുടെ ചരിത്രത്തെ തുടര്‍ന്ന് കാളയെ ബന്ധിച്ച പനയെന്ന അര്‍ത്ഥമുള്ള കാളപ്പന കാലന്തരത്തില്‍ ക്ളാപ്പനയായി പരിണമിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു കഥകൂടി ക്ളാപ്പനയുടെ ചരിത്രത്താളുകളില്‍ ഇനിയും ശേഷിക്കുന്നു. ക്ളാപ്പന തെക്കേ പകുതിയിലുള്ള ചിറക്കടവ് ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കൂറ്റന്‍ പനയുണ്ടായിരുന്നുവത്രേ. ആ പനയുടെ ചുവട്ടില്‍ എത്രതന്നെ തേച്ചുമിനുക്കിയ ഓട്ടുവിളക്കു കത്തിച്ചു വെച്ചാലും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിളക്ക് ക്ളാവു പിടിക്കുമായിരുന്നു. വിശേഷ സിദ്ധിയുള്ള ആ പനയാണ് വിളക്കില്‍ ക്ളാവുപിടിപ്പിക്കുന്നത് എന്ന വിശ്വാസത്തില്‍ അത് ‘ക്ളാവുപന’ എന്നറിയപ്പെട്ടു. കാലത്തിന്റെ മഹാ പ്രവാഹത്തില്‍ ‘ക്ളാവുപന’ തലമുറകള്‍ മാറിയപ്പോള്‍ ക്ളാപ്പനയായി മാറി.

ദേശചരിത്രം

കായംകുളം രാജാവിന്റെ അധികാര അതിര്‍ത്തിക്കുള്ളിലായിരുന്നു ക്ളാപ്പന. ക്ളാപ്പന രാജാവിന്റെ പ്രതിപുരുഷനായി ഇടയനമ്പലം മുതല്‍ തെക്കോട്ടുള്ള പ്രദേശം മുഴുവന്‍  ഭരിച്ചിരുന്നത് ക്ളാപ്പന ഇടക്കര്‍ത്താവായിരുന്നു. ഇവിടെ ഇപ്പോഴുമുള്ള ചില ഗൃഹനാമങ്ങള്‍ അതിലേക്ക് വെളിച്ചം വീശുന്നു. ഇടക്കര്‍ത്താവിന്റെ  താവളം  കോട്ടയ്ക്കകം എന്നറിയപ്പെട്ടു.  മഹാരാജാവ് രാജ്യകാര്യങ്ങള്‍ക്കായി എഴുന്നള്ളി താമസിച്ചിരുന്നത് ‘കൊട്ടാരത്തില്‍’ ആയിരുന്നു. ‘പടിക്കല്‍’ താമസിച്ചിരുന്നത് സ്ത്രീജനങ്ങള്‍ തന്നെ. ഇടക്കര്‍ത്താവിന്റെ അലക്കുകാര്‍ ‘വെളുത്തിടത്തും’ പണ്ടാരങ്ങള്‍ ‘പണ്ടാരേത്തും’ താമസിച്ചു വന്നു. തണ്ണീര്‍ പന്തലില്‍ സംഭാരം വീഴ്ത്തുവാന്‍ ചുമതലപ്പെട്ടവര്‍ തണ്ണീര്‍ക്കരയിലായിരുന്നു വാസം. സൈന്യം തമ്പടിച്ചിരുന്നത് ആക്കുളങ്ങരയിലും. കായംകുളം കായലില്‍ നിന്ന് കിഴക്കോട്ട് കോട്ടയ്ക്കകം വരെ കെട്ടുവള്ളങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ തക്കരീതിയില്‍ തോട് നിര്‍മ്മിച്ചിരുന്നു. കൃഷ്ണപുരം കൊട്ടാരത്തില്‍ നിന്ന് ഈ മാര്‍ഗ്ഗത്തിലാണ് മഹാരാജാവ് ക്ളാപ്പനയിലെത്തിയിരുന്നത്. കായംകുളം രാജാവിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എടുത്തു പറയാവുന്നത് ഇന്ന് കായംകുളം കായല്‍ മുതല്‍ തെക്ക് വട്ടക്കായല്‍ വരെ നീളുന്ന തഴത്തോടിന്റെ നിര്‍മ്മാണമാണ്. ഗതാഗതം പൂര്‍ണ്ണമായും ജലമാര്‍ഗ്ഗമായിരുന്ന അക്കാലത്ത് ഇത്തരമൊരു ബൃഹത്തായ സംരംഭത്തിന്റെ പ്രയോജനം വളരെ വലുതായിരുന്നു. ക്ളാപ്പനയുടെ മദ്ധ്യഭാഗത്തുള്ള വടശ്ശേരില്‍ ചെറുത്തറ, ചെറുവില്‍ തുടങ്ങിയ ഭവനങ്ങളില്‍ താമസിച്ചിരുന്ന ബ്രാഹ്മണര്‍ ഇടക്കര്‍ത്താവിന്റെ ആവശ്യ പ്രകാരം  ആ വീടുകള്‍ ഇസ്ളാംമത വിശ്വാസികള്‍ക്ക് കൈമാറിയ ശേഷം ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കായി കോട്ടയ്ക്കുള്ളിലേക്കു താമസം മാറ്റുകയാണ് ചെയ്തത്. രാജാവിന് വിവിധ സമുദായങ്ങളില്‍പ്പെട്ടവരുടെ സൈന്യവിഭാഗങ്ങളുണ്ടായിരുന്നു. നായര്‍ സൈന്യത്തിന്റെ അധിപന്‍മാര്‍ കണ്ണങ്കരക്കാരും ഈഴവ സൈന്യത്തിന്റെ അധിപന്‍മാരായിരുന്ന കൊച്ചാളത്തുകാരും ക്ളാപ്പനക്കാരായിരുന്നു. നികുതി പിരിവിന്റെ പ്രധാനികള്‍ സാധുപുരത്തു മില്ലുകാരും കണ്ണങ്കര മില്ലുകാരുമായിരുന്നു. കാരയ്ക്കാട്ടു നിന്നാണ് ‘മുതലുപിടി’ക്കാരെ (ഇന്നത്തെ ട്രഷറി ഓഫീസര്‍) രാജാവ് വാഴിച്ചിരുന്നത്. ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. നായര്‍ സമുദായക്കാര്‍ കാര്യസ്ഥന്‍മാരും പ്രമാണികളുമായിരുന്നു. ഈഴവരില്‍ ഭൂരിഭാഗവും കൃഷിക്കാരും ബാക്കിയുള്ളവര്‍ നെയ്ത്തുകാരുമായിരുന്നു. കോട്ടകളുടെയെല്ലാം കാവലേല്പിച്ചിരുന്നത് പാടത്തു പറയരേയായിരുന്നു. ബ്രാഹ്മണ കുടുംബത്തിലെ മൂത്തയാള്‍ക്കു മാത്രമേ മറ്റ് ബ്രാഹ്മണ കുടംബങ്ങളില്‍ നിന്നു ‘വേളി’യ്ക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ നായര്‍ കുടുംബങ്ങളില്‍ നിന്നു സംബന്ധം കൂടാം. വിവാഹത്തിന് താലികെട്ടുകയോ പുടവ കൊടുക്കുകയോ പതിവുണ്ടായിരുന്നില്ല. അവരുടെ സന്തന്തികള്‍ക്ക് സ്വത്തിനോ ശാന്തി ജോലിയ്ക്കോ അവകാശമുണ്ടായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തിലാണ് ക്ളാപ്പനയുടെ തെക്കുഭാഗത്ത് ഒരു സത്രം പണിതുയര്‍ത്തിയത്. അതിനാവശ്യമായ സ്ഥലം സൌജന്യമായി നല്‍കിയത് വടശ്ശേരില്‍ ഇല്ലത്തു നിന്നാണ്. ആദ്യത്തെ സത്രം വിചാരിപ്പുകാരനായി പ്ളാക്കാട്ട് ഗോപാല പിള്ളയാണ് നിയമിതനായത്. ഈ സത്രത്തില്‍ സേതുപാര്‍വ്വതി ഭായിയും സേതുലക്ഷ്മി ഭായിയും ദിവസങ്ങളോളം താമസിച്ചിരുന്നു. തര്‍ക്ക പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നത് കണ്ണംങ്കര ഇല്ലക്കാരായിരുന്നു. അവരുടെ തീര്‍പ്പ് എന്തു തന്നെ ആയിരുന്നാലും അതനുസരിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെ പടയോട്ട കാലത്ത് ക്ളാപ്പനയുടെ ഇടകര്‍ത്താവിന് കീഴടങ്ങുവാന്‍ മൂന്നു ദിവസത്തെ സമയം അനുവദിയ്ക്കുകയും കീഴടങ്ങിയില്ലെങ്കില്‍  പരസ്യമായി വധിക്കുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. വലിയൊരു സൈന്യവുമായി ഏറ്റുമുട്ടാനുള്ള ശേഷി തനിയ്ക്കില്ലെന്ന് മനസ്സിലാക്കിയ ഇടക്കര്‍ത്താവ് പാലായനം ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു. പണ്ടാരത്തിലുള്ള സ്വര്‍ണ്ണം ശത്രു കൈവശപ്പെടുത്തരുതെന്നുള്ള നിര്‍ബന്ധത്താല്‍ അതു മുഴുവനും കോട്ടയ്ക്കുള്ളിലെ ഒരു കിണറ്റില്‍ നിക്ഷേപിച്ച് കിണര്‍ പൊളിച്ചു മൂടി നിരപ്പാക്കി അവിടെ ഒരു യുവതിയെ ബലികൊടുത്ത ശേഷമാണ് അദ്ദേഹം പരിവാരങ്ങളുമായി വടക്കോട്ട് പലായനം ചെയ്തത്. മരുമക്കത്തായ സമ്പ്രദായമാണ് ഇവിടെ നിലവിലുണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനമാണ് നല്‍കിയത്. വിവാഹബന്ധം പോലും സ്ത്രീയ്ക്ക് ഏകപക്ഷീയമായി വേര്‍പ്പെടുത്തുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. തിരണ്ടു കുളി പോലെ അനാചാരങ്ങള്‍ സാര്‍വത്രികമായിരുന്നു. ഒരു സ്ത്രീക്ക് രണ്ടു വിവാഹങ്ങള്‍ നിര്‍ബന്ധിതമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഒന്നാം വിവാഹം നടക്കുമായിരുന്നു. ഈ വിവാഹം കഴിഞ്ഞ് 3 ദിവസം കൂടെ കഴിയുവാനെ ഭര്‍ത്താവിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. അയാള്‍ നാടുവിട്ട ശേഷം മുറച്ചെറുക്കന്‍ പുടവ കൊടുത്ത് താലികെട്ടി സ്വീകരിക്കുകയാണ് പതിവ്. ആയൂര്‍വേദ പണ്ഡിതരും ചികില്‍സകരുമായിരുന്ന നിരവധി വ്യക്തികള്‍ ഇവിടെ ഉണ്ടായിരുന്നു. മഹാവൈദ്യനെന്ന് നാട്ടിലും പുറത്തും പുകള്‍പെറ്റ കൊച്ചിരികണ്ട വൈദ്യനായിരുന്നു അതില്‍ പ്രധാനി. ചീന്തിയെടുത്ത മുളന്തണ്ടുകൊണ്ട് അദ്ദേഹം ശാസ്ത്രക്രിയ നടത്തിയിരുന്നു. വൈദ്യശാസ്ത്രത്തിലും വിശേഷിച്ച് വിഷ ചികിത്സയിലും വിഖ്യാതനായ കടമ്പാട്ടു ഗോവിന്ദന്‍ നമ്പൂതിരി, പ്രസിദ്ധിനായ കുമ്മമ്പിള്ളി രാമന്‍പിള്ള ആശാന്റെ ശിഷ്യനായിരുന്നു. ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയവയിലും ഗോവന്ദന്‍ നമ്പൂതിരി പേരു കേട്ടിരുന്നു. വിഷ ചികിത്സയില്‍ അറിയപ്പെട്ടിരുന്ന പ്ളാക്കാട്ട് കുഞ്ഞികൃഷ്ണ പിള്ളയും വിഷ ചികിത്സയില്‍ ശ്രദ്ധേയനായിരുന്നു. വിഷ ചികില്‍സയില്‍ വലിയകണ്ടത്തില്‍ കുമാരന്‍ വൈദ്യനും പേരുകേട്ടിരുന്നു. മണ്ണാറ ഗോവിന്ദന്‍ വൈദ്യര്‍ കളീയക്കല്‍ ചക്രപാണി വൈദ്യര്‍, ക്ളാപ്പനയില്‍ സ്ഥിര താമസമാക്കിയിരുന്ന ആറാട്ടുപുഴക്കാരി കാളിക്കുട്ടി ആശാട്ടി എന്നിവരും അക്കാലത്തെ പ്രഥമ ശ്രേണിയില്‍പ്പെട്ട ആയൂര്‍വേദ ചികില്‍സകരായിരുന്നു. പേപ്പട്ടി വിഷ ചികില്‍സയില്‍ വിഖ്യാതനായിരുന്നു കുഞ്ഞുപണിയ്ക്കന്‍ വൈദ്യന്‍. മഞ്ഞപ്പിത്തത്തിനുള്ള ചികില്‍സയ്ക്ക് ക്ളാപ്പന പ്രസിദ്ധമായിരുന്നു. മാവോലില്‍  മുരളീധരന്‍ പിള്ളയും തച്ചൂര്‍ ശിവരാമ പിള്ളയും തങ്ങളുടെ പാരമ്പര്യം കെടാതെ കാത്തുസൂക്ഷിക്കുന്നു. ഹോമിയോ ചികില്‍സാ രംഗത്തും പ്രഖ്യാതരായ പലര്‍ക്കും ജന്മമേകാന്‍ ക്ളാപ്പനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ധര്‍മ്മ ചികിത്സയില്‍ അടിയുറച്ചു നിന്ന് സ്വാര്‍ത്ഥലേശവുമില്ലാതെ പ്രവര്‍ത്തിച്ച വാരശ്ശേരില്‍ ശങ്കര വൈദ്യരും  നിരവധി ഹോമിയോ ചികില്‍സാ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശരവണഭവനം നടേശപ്പണിക്കരും ഈ രംഗത്ത് സ്മരണീയരാണ്. നടേശപ്പണിക്കര്‍ കാന്തചികിത്സയിലും അറിയപ്പെടുന്ന പ്രഗല്‍ഭനാണ്. മൃഗചികില്‍സയില്‍ പ്രാഗല്‍ഭ്യമുണ്ടായിരുന്ന ബ്ളാലില്‍  വെളുത്തകുഞ്ഞിന്റെ പേരും എടുത്തു പറയേണ്ടതായിട്ടുണ്ട്. ഗൃഹ നിര്‍മ്മാണ വിദ്യകളില്‍ അദ്വിതീയരായ കാലമര്‍മ്മജ്ഞന്‍മാരുടേയും നാടാണ് ക്ളാപ്പന. വിഖ്യതരായ മീനത്തു പണിക്കന്‍മാര്‍, ക്ളാപ്പനക്കാരായിരുന്നു. നാണുപ്പണിക്കര്‍, കേശവപണിക്കര്‍, ഗോവിന്ദ പണിക്കര്‍ തുടങ്ങിയവര്‍ മികവു കാട്ടിയ തച്ചുശാസ്ത്ര പണികള്‍ വിസ്മയത്തോടെയാണ്  മുന്‍തലമുറകള്‍ നോക്കി കണ്ടത്. ജലാംശം ഒട്ടുംതന്നെ അകത്തേക്ക് കടക്കാത്ത വിധമുള്ളതായിരുന്നു അവരുടെ ദാരുതന്ത്രങ്ങള്‍. ഓണാട്ടുകരയില്‍ ഇന്നുള്ള എട്ടുകെട്ടുകളും നാലുകെട്ടുകളും മാത്രമല്ല പുകള്‍പെറ്റ പല ക്ഷേത്രങ്ങളും അവരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണ്. ക്ഷേത്രശില്പങ്ങളും  മുടി, ദീപത തുടങ്ങിയവയും അവര്‍ നിര്‍മ്മിച്ചിരുന്നു. അമ്മന്‍കുളങ്ങര നാരായണപ്പണിക്കനും പപ്പു പണിയ്ക്കനും തച്ചുശാസ്ത്രത്തില്‍ അറിയപ്പെട്ടിരുന്നവരാണ്. നിരവധി സ്ഥലങ്ങളില്‍ കുടിപള്ളികൂടങ്ങള്‍ സ്ഥാപിക്കുകയും പലപ്രമുഖന്‍മാര്‍ക്കും അറിവന്റെ  ആദ്യമധുരം നല്‍കുകയും ചെയ്ത ഇലഞ്ഞേരികിട്ടു ആശാന്‍ ഒരു തലമുറയുടെ മുഴുവന്‍  ഗുരുവായിരുന്നു.
ജനകീയമായിരുന്ന നാടന്‍ കലകളില്‍ ശ്രദ്ധേയമായ ഒന്നാണ് കാക്കാരശ്ശി നാടകം. 1858-ല്‍ ഗോവിന്ദക്കുറുപ്പ് ഇവിടെ ഒരു കാക്കരശ്ശി കളരി സ്ഥാപിക്കുകയുണ്ടായി. മണ്ടഹത്തു കറത്തകുഞ്ഞ്, ഇടന്നയില്‍ രാമന്‍നായര്‍, കേശവന്‍ നായര്‍, കവറാട്ടു കുഞ്ഞിപ്പിള്ള തുടങ്ങിയവര്‍ ഈ കലയില്‍ അറിയപ്പെട്ടിരുന്നവരാണ്. മണ്ടാഹത്ത് കറത്തകുഞ്ഞ് അക്കാലത്തെ ചെണ്ട, ഉടുക്ക് എന്നീ വാദ്യങ്ങളുടെ വിദ്വാന്‍ കൂടി ആയിരുന്നു. കാക്കാന്‍ വേലുപ്പിള്ളയുടെ ശിഷ്യനായിരുന്ന കൊച്ചുചെറുക്കന്‍ ആശാന്‍ കോലടികളിയില്‍ വിഖ്യാതനായിരുന്നു. നാടൊട്ടുക്ക് നടന്ന് ഗുസ്തി മത്സരങ്ങള്‍ നടത്തിവന്ന ഫയല്‍മാന്‍ ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ഹരമായിരുന്നു. പ്രസിദ്ധ സര്‍ക്കസ് കലാകാരനായ കിലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യനായിത്തീര്‍ന്ന സ്രാമ്പൂട്ടില്‍ നാരായണനും പിന്നീട് സര്‍ക്കസ് കലാകാരനായി പ്രസിദ്ധിയിലേക്കുയര്‍ന്നു. നിരവധി ഗുസ്തി മത്സരങ്ങള്‍ക്ക് ക്ളാപ്പന വേദിയാവുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പ്രസിദ്ധി കടല്‍ കടന്നു പോകാന്‍ കാരണമായിത്തീര്‍ന്ന കഥകളിക്ക് ക്ളാപ്പനയിലും വേരുകളുണ്ട്. ആറ്റുപുറത്തെ ശ്രീകൃഷ്ണ വിലാസം  കഥകളിയോഗം നിരവധി അരങ്ങുകള്‍ക്ക് വേദിയായിട്ടുണ്ട്. കടമ്പാട്ട്, കുതിരപ്പാട്ട് തുടങ്ങിയ പ്രസിദ്ധ ഇല്ലങ്ങളോടനുബന്ധിച്ചും കഥകളി യോഗങ്ങള്‍ ഉണ്ടായിരുന്നു. ക്ളാപ്പന ഷണ്‍മുഖവിലാസം സ്ക്കൂള്‍ കേന്ദ്രമാക്കി ഒരു കഥകളി ക്ളബും കുറേ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. കഥകളി സംഗീതത്തില്‍ പ്രസിദ്ധി നേടിയ  പള്ളിക്കാവ് ശങ്കരപ്പിള്ള ഈ പഞ്ചായത്തുകാരന്‍ തന്നെ.
ഇഞ്ചക്കാട് ദമോദരനാശാനും അഗസ്തി മേസ്തിരിയും മുണ്ടകത്തില്‍ പീറ്റര്‍ മേസ്തിരിയും ക്ളാര്‍നെറ്റ് വാദ്യത്തില്‍  ഖ്യാതി നേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍  അഴീക്കലെത്തി താമസമാക്കിയ പോര്‍ട്ടുഗീസുകാരില്‍ നിന്നും നേരിട്ടുവാദ്യം പഠിച്ചവരുടെ പിന്‍മുറക്കാരാണിവര്‍. സാഹിത്യ ചരിത്ര താളുകളില്‍ ഉള്‍പ്പെടാതെ പോയെങ്കിലും പ്രതിഭാധനന്മാരായ സാഹിത്യകാരന്മാര്‍ പലരും ക്ളാപ്പനയുടെ സന്തതികളാണ്. അവരില്‍ ആദ്യം സൂചിപ്പിക്കേണ്ടത് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം കേക വൃത്തത്തില്‍ കാവ്യമാക്കിയ ക്ളാപ്പന വേണുജിയെയാണ്. കവിത, നാടകം, ചെറുകഥ തുടങ്ങിയ സാഹിത്യ രംഗങ്ങളില്‍ സൃഷ്ടിക്കള്‍ നടത്തിയിട്ടുള്ള വേണുജി നിരീക്ഷകന്‍ എന്നൊരു മാസികയും നടത്തിയിരുന്നു. ചിത്രകലാ രംഗത്തു ശ്രദ്ധേയരായിരുന്നവരാണ് കുട്ടിപ്പണിക്കരും ഇത്താംതറ ഡെന്‍സിലും. ആതുരാലയങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ക്ളാപ്പനയില്‍ സ്ത്രീജനങ്ങളുടെ  പ്രസവരക്ഷ ഏറ്റെടുക്കാന്‍ പതിച്ചിമാരാണ് ഉണ്ടായിരുന്നത്. അവരില്‍ ഏറെ അറിയപ്പെട്ടിരുന്നത് 107 വയസ്സുവരെ  ജീവിച്ചിരുന്ന കൊല്ലയില്‍ ഉണ്ണൂലിയാണ്. കൈത്തറി നെയ്ത്തിന് അറിയപ്പെട്ട കുടുംബമായിരുന്നു നേരൂര്‍. ഒട്ടനവധി തറികള്‍ അവിടെയുണ്ടായിരുന്നു. നെയ്ത്തില്‍ പരിശീലനവും അവിടെ നല്‍കിയിരുന്നു.
കയര്‍പിരിക്കലിനും ക്ളാപ്പന അറിയപ്പെട്ടിരുന്നു. കൈ കൊണ്ടുണ്ടാക്കുന്ന കയറിന്  ഇവിടെ എക്കാലത്തും നല്ല മാര്‍ക്കറ്റാണുണ്ടായിരുന്നത്. തലച്ചുമടായി നിരവധി സ്ഥലങ്ങളിലേക്ക് ചകിരി കൊണ്ടുപോകുക അന്ന് പതിവായിരുന്നു. നാടക കലയുടെ കേദാര ഭൂമിയായിരുന്നു ക്ളാപ്പന. സരസ്വതീ ക്ഷേത്രങ്ങള്‍ക്കു ഖ്യാതി നേടിയ സ്ഥലമായിരുന്നു ക്ളാപ്പന. മണ്ണാറ ഗോവിന്ദ വിലാസം സ്കൂള്‍ ആയിരുന്നു അവയില്‍ മുഖ്യം. വിദ്വാന്‍ എം.കെ.അച്ചുതന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച  പരശ്ശേരില്‍  ഷണ്‍മുഖ വിലാസം സ്കൂള്‍ ഇന്നു ക്ളാപ്പനയിലെ  ഏക ഹൈസ്ക്കൂളാണ്. ശ്രീനാരായണ ഗുരു സന്ദര്‍ശിച്ചു താമസിച്ചിട്ടുള്ള വിദ്യാകേന്ദ്രങ്ങളില്‍ ഒന്നാണിത്. 1900-ല്‍ ജനപങ്കാളിത്തത്തോടെ  സ്ഥാപിച്ച ആള്‍ സോള്‍സ് എല്‍.പി.സ്കൂള്‍ പിന്നീട് സെന്റ് ജോസഫ് യു.പി.സ്ക്കൂള്‍ ആയി ഉയര്‍ന്നു. ഇസ്ളാം മതത്തിന്റെ കേരളത്തിലെ പ്രചാരകാലത്തു തന്നെ ക്ളാപ്പനയിലും ഇസ്ളാംമത വിശ്വാസികളുണ്ടായിരുന്നു. ഇസ്ളാംമതം സ്വീകരിച്ചതിനു ശേഷം ചേരമാന്‍ പെരുമാള്‍ തറക്കല്ലിട്ട പതിനെട്ടു പടികളില്‍ ഒന്ന് ക്ളാപ്പന പുതുതെരുവ് ജുമാമസ്ജിദാണ്. ചൈനീസ് വാസ്തു ശില്പ ശൈലിയിലാണ് മനോഹരമായ ഈ പള്ളി പണി തീര്‍ത്തിട്ടുള്ളത്. ക്ളാപ്പനയുടെ തെക്കുകിഴക്കു ഭാഗത്തുള്ള വാര്‍ഡിന്റെ പേര് പെരുമാന്തഴ എന്നാണ്. പെരുമാളിന്റെ പടനായകന്റെ തറ എന്നര്‍ത്ഥമുള്ള പെരുമാള്‍ തറയാണ് പെരുമാന്തഴയായതെന്ന് ഊഹിക്കുന്നു. ക്ളാപ്പന വില്ലേജിന്റെ പഴയ പേര് പെരുനാട് എന്നായിരുന്നു. ഇതും പെരുമാളുമായുള്ള ഈ നാടിന്റെ ബന്ധത്തിനും  അതുവഴി ഇസ്ളാംത പാരമ്പര്യത്തിനും നിദാനമാണ്. 1840-ലാണ് പോര്‍ട്ടുഗീസുകാര്‍ ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അഴീക്കലില്‍ വന്നു ചേര്‍ന്നതെന്ന് ഊഹിക്കുന്നു. തുടര്‍ന്ന് പോര്‍ട്ടുഗീസ് വാസ്തുശില്പ മാതൃകയില്‍ വലിയൊരു പള്ളി അവിടെ സ്ഥാപിക്കുകയുണ്ടായി. ഇതിനായി പോര്‍ട്ടുഗലില്‍ നിന്നാണ് തടിയില്‍ തീര്‍ത്ത ഒരു അള്‍ത്താരയും മറ്റും കൊണ്ടുവന്നത്. ആ പള്ളി കടലാക്രമണത്തില്‍ നശിച്ചു പോയപ്പോള്‍ ക്ളാപ്പനയില്‍ മറ്റൊരു പള്ളി പണി തീര്‍ത്തു. പോര്‍ട്ടുഗീസ് അള്‍ത്താരയും മറ്റും പുതിയ പള്ളിയിലേക്ക് മാറ്റുകയും ചെയ്തു. കൊച്ച് എടത്വപള്ളി എന്നു വിളിക്കപ്പെടുന്ന ക്ളാപ്പന സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരം  കടല്‍ വെള്ളത്തിലൂടെ ഒഴുകി വന്ന ഒലിവു തടിയിലാണ് പണിതിട്ടുളളത്. വേനല്‍ക്കാലത്ത് ഇപ്പോഴും ആ തടിയില്‍ നിന്ന് ഒലിവെണ്ണ കിനിഞ്ഞു വരാറുണ്ട്. ക്രിസ്തു പ്രതിമയുടെ മുകളിലുള്ള വിളക്ക് മത്സ്യബന്ധനത്തിന് പോന്നകുവര്‍ക്ക് ഇന്നും ലക്ഷ്യം കാട്ടുന്നുണ്ട്. പോര്‍ട്ടുഗീസ് പാരമ്പര്യമുള്ള പല ക്രിസ്തീയ കുടുംബങ്ങളും ക്ളാപ്പനയിലുണ്ടായിരുന്നു. കടയില്‍ പറമ്പില്‍, കൂട്ടുങ്ങല്‍ തുടങ്ങിയവ അവയിലറിപ്പെടുന്നു. കാലത്തിന്റെ പ്രവാഹത്തില്‍ മാറിവന്ന പശ്ചാത്തലങ്ങളുമായി  പൊരുത്തപ്പെടാനാകാതെ അവരെല്ലാം തങ്കശ്ശേരിയിലേക്കു താമസം മാറുകയാണുണ്ടായത്.
ജര്‍മ്മനി, പോര്‍ട്ടുഗല്‍ തുടങ്ങിയ വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ള വികാരിമാര്‍ ക്ളാപ്പന ഇടവക ഭരിച്ചിട്ടുണ്ട്. ഇതില്‍ ജര്‍മ്മന്‍കാരനായിരുന്ന ഫാദര്‍ പയസ്സിന്റെ സേവനം ശ്രദ്ധേയമായിരുന്നു. മിഷനറി പ്രവര്‍ത്തനത്തില്‍ ക്ളാപ്പനയില്‍ നിന്നും പലരും പങ്കാളിയായിട്ടുണ്ട്. 1951-ല്‍ സ്ഥാപിക്കപ്പെട്ട ഗ്രാമോദ്ധാരണ ലൈബ്രറി ഇന്ന് ക്ളാപ്പനയുടെ സാംസ്ക്കാരിക കേന്ദ്രമാണ്. തറയില്‍ ലിയോണ്‍സ്, കുന്നത്തു ഫ്രാന്‍സിസ് റോഡ്രിഗ്സ്, ഉറകാറശ്ശേരില്‍ കൃഷ്ണന്‍, കുഞ്ഞിപ്പുഴ മുഹമ്മദുകുഞ്ഞ് എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച ഈ ഗ്രന്ഥശാലയ്ക്ക്  സൌജന്യമായി സ്ഥലം നല്‍കിയത് തോട്ടത്തില്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും  സാര്‍വ്വത്രികമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ശ്രീ കുഞ്ഞിപ്പുഴ മുഹമ്മദ് കുഞ്ഞ് പുസ്തകക്കെട്ടുകളുമായി വീടുവീടാന്തിരം കയറിയിറങ്ങിയാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം നടത്തിയിരുന്നത്.




Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Grama Panchayath Office Clappana