പൊതുവിവരങ്ങള്‍


പൊതുവിവരങ്ങള്‍

ജില്ല
:
കൊല്ലം
ബ്ലോക്ക്
:
ഓച്ചിറ
വിസ്തീര്‍ണ്ണം
:
17.49 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം
:
15

ജനസംഖ്യ
:
21114
പുരുഷന്‍മാര്‍
:
10172
സ്ത്രീകള്‍
:
10942
ജനസാന്ദ്രത
:
1207
സ്ത്രീ : പുരുഷ അനുപാതം
:
1076
മൊത്തം സാക്ഷരത
:
89.08
സാക്ഷരത (പുരുഷന്‍മാര്‍)
:
93.96
സാക്ഷരത (സ്ത്രീകള്‍)
:
84.61
Source : Census data 2001

പഞ്ചായത്തിലൂടെ

തദ്ദേശ സ്വയംഭരണ സംവിധാനം ആദ്യം ഏര്‍പ്പെടുത്തിയപ്പോള്‍ അതിന്റെ പേര് വില്ലേജ് യൂണിയന്‍ എന്നായിരുന്നു. ഓച്ചിറ വില്ലേജ് യൂണിയന്റെ പരിധിയിലായിരുന്നു ക്ളാപ്പന. തഹസീല്‍ദാര്‍ പ്രസിഡന്റായിരുന്ന ഈ സമിതിയില്‍ ജനപ്രതിനിധികള്‍ക്കു പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടായിരുന്നു. കടമ്പാട്ടു  പരമേശ്വര ശര്‍മ്മ, രാമവാരിയര്‍ വൈദ്യന്‍, കല്ലൂര്‍ നാരായണ പിള്ള, ജോണ്‍ ഫെര്‍ണാണ്ടസ്, വാലേല്‍ അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ്, ആനസ്ഥാനത്തു കുഞ്ഞുപണിക്കന്‍ എന്നിവര്‍ ഓച്ചിറ വില്ലേജ് യൂണിയനില്‍ ക്ളാപ്പനയുടെ പ്രതിനിധികളായിരുന്നു. ഇതില്‍ കടമ്പാട്ടു പരമേശ്വര വര്‍മ്മ ഇന്നും ജീവിച്ചിരിപ്പുണ്ട്. പ്രയാറുണ്ടായിരുന്ന കോയിക്കല്‍  കച്ചേരിയായിരുന്നു ഓഫീസ്. ഓച്ചിറ വില്ലേജ് യൂണിയന്‍ ഓച്ചിറ പഞ്ചായത്തായി പിന്നീട് രൂപം മാറി. ഓച്ചിറ പഞ്ചായത്തില്‍ ക്ളാപ്പനയില്‍ നിന്ന് 6 മെമ്പര്‍മാരാണുണ്ടായിരുന്നത്. 26-12-1961-ലാണ് ക്ളാപ്പന പഞ്ചായത്തിന്റെ ഔദ്യോഗിക രൂപീകരണം കേരള സര്‍ക്കാര്‍ നടത്തിയത്. 1-1-1962-ല്‍ ഉദ്യോഗസ്ഥന്മാര്‍ സ്ഥലത്തെത്തി അധികാരമേറ്റു. ശ്രീമൂലം അസംബ്ളിയില്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും തിരു-കൊച്ചി നിയമസഭയില്‍ കാര്‍ത്തികപ്പള്ളി-കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കേരള അസംബ്ളിയില്‍  കൃഷ്ണപുരം  നിയോജക മണ്ഡലത്തിലും  ഈ പഞ്ചായത്ത് ഉള്‍പ്പെട്ടിരുന്നു. 1965 മുതല്‍ ക്ളാപ്പന കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഭാഗമായി തുടരുന്നു.  ക്ളാപ്പന പഞ്ചായത്ത് മുമ്പ് പെരിനാട് വില്ലേജിന്റെ ഭാഗമായിരുന്നു. ആലപ്പാട്ടു പഞ്ചായത്തിന്റെ വടക്കു ഭാഗത്തുള്ള മൂന്നു വാര്‍ഡുകളും ഓച്ചിറ വില്ലേജിലെ പായിക്കുഴി, വലിയകുളങ്ങര എന്നീ കരകളും പെരിനാടു വില്ലേജില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴത്തെ  ക്ളാപ്പന വില്ലേജില്‍ ക്ളാപ്പന പഞ്ചായത്തുപ്രദേശം മാത്രമാണ് ഉള്‍പ്പെടുന്നത്. ഭൂമിശാസ്ത്രപരമായി ഈ സ്ഥലം  സമനിരപ്പായ പ്രദേശമാണ്. ഓണാട്ടുകരയുടെ  നെല്ലറയായിരുന്ന ഓച്ചിറ മുണ്ടകപ്പാടം (കറുകപ്പാടം) ക്ളാപ്പന പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്ത്  തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം  വരെ സ്ഥിതി ചെയ്യുന്നു. കായംകുളം  കായല്‍ തോടിനോടു ചേര്‍ന്നുള്ള  ഈ പാടത്ത് ഒരുപൂ കൃഷിയാണ്. ക്ളാപ്പനയുടെ മറ്റു സ്ഥലങ്ങളിലും നെല്‍കൃഷി നടത്തിവരുന്നു. ക്ളാപ്പനയുടെ കിഴക്കു ഭാഗത്തുള്ള വാര്‍ഡായ വരവിളയ്ക്ക് ആ പേരു ലഭിച്ചതിനു പിന്നിലും കൃഷിയുടെ മികവാണുള്ളത്. വര (ശ്രേഷ്ഠ)മായ വിളയ്ക്ക് പേരുകേട്ട സ്ഥലമായിരുന്നു വരവിള.

ഓഫീസുകള്‍

ക്ളാപ്പന വില്ലേജ് ആഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍ എന്നിവ 10-ാം  വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. സര്‍വ്വീസ് സഹകരണ ബാങ്കും  (എസ്.സി.ബി.867)  ഐ.സി.ഡി.സി. സബ് സെന്ററും 5-ാം വാര്‍ഡിലും എസ്.ബി.റ്റി ശാഖ 3-ാം വാര്‍ഡിലും  സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി 2-ാം  വാര്‍ഡിലും സര്‍ക്കാര്‍ മൃഗാശുപത്രി 1-ാം വാര്‍ഡിലും സ്ഥിതി ചെയ്യുന്നു. ക്ളാപ്പന പഞ്ചായത്തിന്റെ പി.എച്ച്.സെന്റര്‍ 7-ാം വാര്‍ഡിനു തെക്കുമാറി കുലശേഖരപുരം പഞ്ചായത്തിലാണുള്ളത്. 2,6,9 എന്നീ വാര്‍ഡുകളില്‍  കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 5,2 എന്നീ  വാര്‍ഡുകളില്‍  ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും  5,6 എന്നീ വാര്‍ഡുകളില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസും  പ്രവര്‍ത്തിക്കുന്നു. ആകെ 5 കയര്‍ സഹകരണ സംഘങ്ങളാണ് ക്ളാപ്പനയിലുള്ളത്. ഇതില്‍ 2 എണ്ണം 3-ാം  വാര്‍ഡിലും ഓരോന്നു വീതം  4,6,7 എന്നീ വാര്‍ഡുകളിലും സ്ഥിതി ചെയ്യുന്നു. ഹരിജന്‍ സര്‍വ്വീസ് സഹകരണ സംഘവും വനിത ഉപഭോക്തൃ സഹകരണ സംഘവും പഞ്ചായത്തിലുണ്ട്. 3 ക്ഷീര വ്യവസായ സഹകരണ സംഘങ്ങളും ഒരു ഉള്‍നാടന്‍ മത്സ്യവ്യവസായ സഹകരണ സംഘവുമുണ്ട്.  പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലുമായി 19 അംഗന്‍വാടികളുണ്ട്. ഒരു ഹൈസ്കൂളും ഒരു യു.പി സ്കൂളും  മൂന്ന് എല്‍.പി സ്ക്കൂളുകളും ഉള്‍പ്പെടെ 5 സ്ക്കൂളുകളാണ് ക്ളാപ്പനയിലുള്ളത്. ഇവയില്‍  2 എല്‍.പി സ്ക്കൂളുകള്‍ സര്‍ക്കാര്‍ സ്ക്കൂളുകളും ബാക്കിയുള്ളവ എയിഡഡ്  സ്ക്കൂളുകളുമാണ്. പഞ്ചായത്തിന്റെ സാംസ്ക്കാരിക കേന്ദ്രം കൂടിയായ  ഗ്രാമോദ്ധാരണ വായനശാല ഇവിടെ ആകെയുള്ള വായനശാലയാണ്.

കൃഷിയും ജലസേചനവും

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ക്ളാപ്പന ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ഭാഗമാണ്. തീര സമതല സ്ഥലമായ ഈ പഞ്ചായത്തിന്റെ വടക്ക് ദേവികുളങ്ങര പഞ്ചായത്തും കിഴക്ക് ഓച്ചിറ പഞ്ചായത്തും തെക്ക് കുലശേഖരപുരം പഞ്ചായത്തും പടിഞ്ഞാറ് ആലപ്പാട്ട് പഞ്ചായത്തുമാണ്. ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം കായംകുളം കായല്‍തോടും വടക്ക് ഭാഗികമായി കായംകുളം കായലുമാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗവും മണ്‍പ്രദേശമാണ്. ചിലഭാഗങ്ങളില്‍ പശിമരാശിയുള്ള മണലും മറ്റു ചില ഭാഗങ്ങളില്‍ ചെളിമണ്ണും കണ്ടുവരുന്നു. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തും രണ്ടു മീറ്റര്‍ താഴ്ചയില്‍ ജലം ലഭ്യമാണെങ്കിലും ശുദ്ധജല ലഭ്യത കുറവാണ്. ജലത്തില്‍ ഉപ്പിന്റെയും ഇരുമ്പിന്റെയും അളവ്  താരതമ്യേന കൂടുതലാണ്. ശുദ്ധജല ലഭ്യത ഒരു വിദൂര സ്വപ്നമാണ്. പടിഞ്ഞാറോട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന നീരൊഴുക്കു തോടുകള്‍ ഈ പ്രദേശത്തെ  ജലസ്രോതസ്സുകളുടെ സംരക്ഷകരായിരുന്നു. മണ്ണിലെ ലവണ അമ്ളാംശങ്ങളെ മുഴുവന്‍  ഈ കായലിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരുന്നു. എന്നാല്‍ തോടുകള്‍ മിക്കതും നികന്നു കഴിഞ്ഞതോടൈ ആ ശുദ്ധീകരണ പ്രക്രിയ അവസാനിച്ചിരിക്കുകയാണ്.

ആരോഗ്യം

മഹാവൈദ്യനെന്നു പേരുകേട്ട ആയൂര്‍വേദ ചികിത്സയില്‍ അഗ്രഗണ്യനായിരുന്ന കൊച്ചിരിക്കണ്ടം വൈദ്യനും വൈദ്യം, മര്‍മ്മം, വിഷചികിത്സാ വിധികള്‍ എന്നിവയില്‍ പേരെടുത്ത കടമ്പനാട് ഗോവിന്ദന്‍ നമ്പൂതിരിയുമായിരുന്നു ചികിത്സകരില്‍ അറിയപ്പെട്ടിരുന്നവര്‍. യജുര്‍വേദികളായ കാരേലില്‍ ആശാന്മാര്‍, പേപ്പട്ടി വിഷ ചികിത്സകരായിരുന്ന മണ്ണാറ ഗോവിന്ദന്‍ വൈദ്യന്‍, കുഞ്ഞുപണിക്കന്‍ വൈദ്യന്‍, കാളിക്കുട്ടി ആശാട്ടി എന്നിവരും  മര്‍മ്മ ചികിത്സകനായിരുന്ന കൊയ്പ്പള്ളി നമ്പ്യാതിരിയും വിഷചികിത്സ വിശാരദ പരീക്ഷ പാസ്സായ പ്ളാക്കാട്ട് ഗോപാല പിള്ള, പ്ളാക്കാട്ട് കുഞ്ഞികൃഷ്ണ പിള്ള എന്നിവരും വിഷ ചികിത്സകരായിരുന്ന വലിയ കണ്ടത്തില്‍ കുമാരന്‍ വൈദ്യന്‍, സഹോദരങ്ങള്‍ ശേഖരന്‍ വൈദ്യന്‍, രാഘവന്‍ വൈദ്യന്‍ എന്നിവരും ആയൂര്‍വേദ ചികിത്സകന്‍ കളിയിക്കല്‍ ചക്രപാണി വൈദ്യന്‍, മഞ്ഞപ്പിത്ത രോഗത്തിനുള്ള ഒറ്റമൂലി ചികിത്സകരായ തച്ചൂര്‍ ശങ്കരപ്പിള്ള മകന്‍ തച്ചൂര്‍ ശിവരാമ പിള്ള, മാവോലില്‍ കൃഷ്ണപിള്ള എന്നിവരും പരാമര്‍ശിക്കപ്പെടേണ്ടവരാണ്. കടമ്പാട്ട് കുടുംബം സംഭാവന ചെയ്ത സ്ഥലത്തുണ്ടായിരുന്ന സത്രത്തിലാണ് ആധുനിക ചികിത്സയ്ക്കായി ഒരു ആശുപത്രി സ്ഥാപിച്ചത്. പഞ്ചായത്ത് വിഭജനത്തോടെ ആശുപത്രി കുലശേഖരപുരം പഞ്ചായത്തിലായെങ്കിലും 1988-ല്‍ ഈ സ്ഥാപനത്തെ  ക്ളാപ്പന പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തു.

വ്യവസായം

കൃഷിയും അനുബന്ധ  വ്യവസായങ്ങളും കയറും കൈത്തറിയും ബീഡിതെറുപ്പും കക്കാനീറ്റും കള്ളുചെത്തും കൊച്ചുചക്കര നിര്‍മ്മാണവും തുന്നലും ആയിരുന്നു പ്രധാന പരമ്പരാഗത വ്യാവസായിക മേഖലകള്‍. ഈ ഗ്രാമത്തില്‍ ഏതാനും കയര്‍ സഹകരണ സംഘങ്ങളും സ്വകാര്യ ചെറുകിട കയര്‍ ഉല്പാദകരും ക്ഷീരവ്യവസായ സംഘങ്ങളും നാമമാത്രമായ എണ്ണയാട്ട് കേന്ദ്രങ്ങളും മുന്നോ നാലോ  അറപ്പ് മില്ലും രണ്ട് ചെറുകിട അച്ചടി കേന്ദ്രങ്ങളും ഒരു അവല്‍ കേന്ദ്രവും ഒരു അലുമിനിയം  ഫ്ളക്സ് ഉത്പാദന കേന്ദ്രവും  രണ്ട് കറിപൌഡര്‍ ഉത്പാദന കേന്ദ്രങ്ങളും ചേതനയറ്റ് കിടക്കുന്ന ഒരു റബ്ബര്‍ യൂണിറ്റും നാല് സ്ളാബ് മതില്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ഒരു വെല്‍ഡിംഗ് വര്‍ക് ഷോപ്പും അല്ലറ ചില്ലറ വ്യവസായ സംരംഭങ്ങളും ആയാല്‍ ഈ ഗ്രാമത്തിന്റെ  വ്യാവസായിക ശൃംഖല പൂര്‍ത്തിയാകുന്നു. പ്രധാന കാര്‍ഷികോത്പന്നമായ നാളികേരത്തില്‍ അധിഷ്ഠിതമായ പരമ്പരാഗതമായ കയര്‍ മേഖലയാണ് മുന്തിയ വ്യവസായിക മേഖല.

ഗതാഗതം

ഓച്ചിറ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ക്ളാപ്പന 1962-ല്‍ ക്ളാപ്പന പഞ്ചായത്തായി രൂപം പ്രാപിച്ചപ്പോള്‍ ഗതാഗത യോഗ്യമായി ഉണ്ടായിരുന്നത് ആലുംപീടികയും ഓച്ചിറയും  ആയി ബന്ധിപ്പിക്കുന്ന 4 കിലോമീറ്റര്‍ ദുരം വരുന്ന റോഡും ചങ്ങന്‍കുളങ്ങര വള്ളിക്കാവ് 4 കിലോമീറ്റര്‍ റോഡുമാണ്. അത് ടാര്‍ ചെയ്തിരുന്നില്ല. അതിനു ശേഷം ഇടയനാമ്പലം-വള്ളിക്കാവ്, ചങ്ങന്‍കുളങ്ങര-തോട്ടത്തില്‍മുക്ക്, ള്ളിക്കാവ്-ആലുംപീടിക, തോട്ടത്തില്‍മുക്ക്-പള്ളിക്കടവ്, ആലുംപീടിക-പുതുപ്പള്ളി, വലേത് മുക്ക്-വള്ളിക്കാവ്, തോട്ടത്തില്‍മുക്ക്-വള്ളിക്കാവ് റോഡുകള്‍ നിര്‍മ്മിച്ചു. ഇവ കൂടാതെ പഞ്ചായത്തിന്റെ ആഴമേറിയ നീരൊഴുക്കു തോടുകളും ഗതാഗതത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയിരുന്നു. പഞ്ചായത്തിന്റെ ഓരോ വാര്‍ഡിലും തലങ്ങും വിലങ്ങും ധാരാളം റോഡുകള്‍ ഇപ്പോള്‍ നിലവിലുണ്ട്.

വിദ്യാഭ്യാസം

ആലുംപീടിക സി.എം.എസ്. എല്‍ പി എസ്-ന് 135 വര്‍ഷത്തെയും  കെ.വി.പ്രയാര്‍ എല്‍ പി എസ്- നും വരവിള ഗവണ്‍മെന്റ്  എല്‍ പി എസ്- നും ക്ളാപ്പന ആള്‍ സോള്‍സ് എല്‍ പി എസ്- നും  നൂറോളം വര്‍ഷങ്ങളുടേയും ക്ളാപ്പന ഷണ്‍മുഖ വിലാസം സ്ക്കൂളിന് 75 ഓളം  വര്‍ഷങ്ങളുടേയും പഴക്കമുണ്ട്. പ്രവര്‍ത്തനം നിലച്ചുപോയ മണ്ണാറ ഗോവിന്ദ വിലാസം പ്രൈമറി സ്ക്കൂളിനും ഏകദേശം 80 ഓളം വര്‍ഷത്തെ  പഴക്കം അവകാശപ്പെടാവുന്നതാണ്.     1948 വരെ മേല്‍ സൂചിപ്പിച്ച പ്രൈമറി സ്ക്കൂളുകള്‍ മാത്രമായിരുന്നു ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1948 ല്‍ സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏകദേശം  15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഓരോ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് ജോസഫ്സ് യു.പി. സ്ക്കൂളും ഒരുമിച്ചു ചേര്‍ത്ത് സെന്റ് ജോസഫ്സ്  യു.പി സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഷണ്‍മുഖ വിലാസം  എല്‍ പി സ്ക്കൂള്‍ 1961-62 സ്ക്കൂള്‍ വര്‍ഷത്തില്‍ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂള്‍ ആക്കി. 1964-65 സ്ക്കൂള്‍ വര്‍ഷത്തില്‍ അത് വീണ്ടും അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളുകളായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഇത്. ഷണ്‍മുഖ വിലാസം ഹൈസ്ക്കൂളിന്റെ പുറം ഭിത്തികളില്‍ ഒരു ഓപ്പണ്‍ പോര്‍ട്രെയിറ്റ് ഗാലറി സ്ഥാപിച്ചിട്ടുണ്ട്. സാഹിത്യം, രാഷ്ട്രീയം, സാമൂഹികം, സംസ്ക്കാരം, ശാസ്ത്രം, ചിത്രകല, സംഗീതം തുടങ്ങിയ വിവിധ തുറകളിലെ മണ്‍മറഞ്ഞ മഹാന്മാരുടെ ചിത്രങ്ങളും അവരുടെ ലഘുജീവിത ചരിത്രക്കുറിപ്പുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഏകദേശം 500 ഓളം ചിത്രങ്ങളുള്ള ഈ ഗാലറി  സംസ്കാരിക തലത്തില്‍ ഒരു അപൂര്‍വ്വ വിസ്മയമായി നിലകൊള്ളുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Grama Panchayath Office Clappana